തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളുടെ സമയം ചോദിച്ചെത്തിയ യാത്രക്കാരോട് മോശമായി പെരുമാറിയ മൂന്ന് ജീവനക്കാർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ അന്വേഷണ വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെയാണ് കെഎസ്ആർടിസി സിഎംഡി അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
കൺട്രോളിംഗ് ഇൻസ്പെക്ടർ അബ്ദുൾ ഫെയ്സി, സ്റ്റേഷൻ മാസ്റ്റർമാരായ അനിൽ കുമാർ, മുഹമ്മദ് റാഫി എന്നിവർക്കെതിരെയാണ് അന്വേഷണം. വിവിധ സ്ഥലങ്ങളിലേക്കുള്ള ബസുകളുടെ സമയവിവരങ്ങൾ അറിയാൻ ഡിപ്പോയിലെ കൗണ്ടറിലെത്തിയ യാത്രക്കാരോട് ഇവർ കൃത്യമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറുകയായിരുന്നു.
യാത്രക്കാർ ആവർത്തിച്ച് വിവരങ്ങൾ തിരക്കിയതോടെ ബസ് വരുമ്പോഴേ അറിയാൻ പറ്റൂവെന്ന് പറഞ്ഞ് ഈ മൂന്ന് ജീവനക്കാരും യാത്രക്കാർക്ക് നേരെ തട്ടിക്കയറുകയും മോശം ഭാഷ പ്രയോഗിക്കുകയുമായിരുന്നു. സംഭവത്തിൽ അടിയന്തരമായി അന്വേഷണം പൂർത്തിയാക്കി സിഎംഡിക്ക് ഉടൻ റിപ്പോർട്ട് നൽകുമെന്ന് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ വ്യക്തമാക്കി.